Thursday 19 June, 2008

യുണൈറ്റ്ഡ് അറബ് എമിറേറ്റ്സില്‍ ഇത് ഈന്തപ്പഴക്കാലം..

ഗെറ്റ്.... സെറ്റ്...... ഗോ..... കുമാരേട്ടന്‍........

കുമാരേട്ടന്‍ ഞങ്ങളുടെ നാട്ടുകാര്‍കെല്ലാം പ്രിയപ്പെട്ടവനാണ്‌......

നാട്ടിലെ എല്ലാ വീട്ടിലേയും എല്ലാ വിശേഷങ്ങള്‍ക്കും കുമാരേട്ടന്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഘടകമാണ്. കല്ല്യാണ വീടുകളില്‍ ഹാള്‍ ബുക്ക് ചെയ്യുന്നതിനു മുമ്പെ തന്നെ കുമാരേട്ടനെ ബുക്ക് ചെയ്തിരിക്കും. "കുമാരോ.... കല്ല്യാണക്കാര്യമൊക്കെ അറിഞ്ഞില്ലെ... വ്വിടെ ണ്ടാവണം..... അത്രയും മതി പിന്നെ കല്യാണം കഴിഞ്ഞ് പന്തല്‍ അഴിച്ച് പോകുന്നവരെ കുമാരേട്ടന്‍ അവിടെയുണ്ടാവും.

കൂലി ചോദിക്കരുത്, കൊടുക്കരുത്, വാങ്ങരുത്, ഇതാണ്‌ കുമാരന്റെ പോളിസി. കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും എന്തെങ്കിലും വാങ്ങി കൊടുക്കെടാ എന്നു പറഞ്ഞ് എന്തെങ്കിലും കൊടുത്താല്‍ മാത്രം വാങ്ങും. രണ്ടാളുടെ പണി കുമാരേട്ടന്‍ ഒറ്റക്കു ചെയ്യും. അതില്‍ യാതൊരു കള്ളത്തരവും ഇല്ല.അതു കൊണ്ടു തന്നെ കുമാരേട്ടന്‍ എപ്പോഴും
ബിസിയായിരിക്കും.

ഓണക്കാലമായതോടെയാണ്‌ കുമാരേട്ടനെ തീരെ കിട്ടാതായത്. സ്ഥിരമായുള്ള തിരക്കു കൂടാതെ നാട്ടിലെ ഓണാഘോഷ കമ്മിറ്റി വക കാര്യപരിപാടികള്‍ പൊടിപൊടിക്കുന്നു. അവിടെ ഒന്നെത്തി നോക്കീല്ലെങ്കില്‍ മോശമല്ലെ... സമീപ ദിക്കുകളില്‍ നിന്നുള്ള മല്‍സരാര്‍ഥികളില്‍ നിന്നും സ്വന്തം നാട്ടിലെ കുട്ടികളെ ജയിപ്പിക്കുക എന്നതാണ്‌ കുമാരേട്ടന്റെ "മോട്ടൊ".
അതിന്റെ ജയ് വിളികളും "ചിയര്‍ ഡാന്‍സും" ആര്‍പ്പുവിളികളുമായി നിന്നപ്പൊഴാണ്‌ ആരൊ കുമാരേട്ടനെ എരി കേറ്റിയത്‌. "അല്ല കുമാരാ നീയെന്താ ഒരിനങ്ങളിലും മല്‍സരിക്കാത്തെ...."
ആഗ്രഹമില്ലാത്തതു കൊണ്ടല്ല കുമാരേട്ടന്‍ മല്‍സരിക്കാത്തത്. ആരെങ്കിലും ഒന്ന് ക്ഷണിക്കണ്ടെ... അത് മാത്രമല്ല തന്നെ പോലുള്ള സീനിയേഴ്സിനു മല്‍സരിക്കാന്‍ പറ്റിയ ഇനവും വേണമല്ലൊ.. പക്ഷെ ഇത്തവണ അത് നടക്കാനുള്ള സാധ്യത കാണുന്നുണ്ട്. സമയം തെറ്റിയെത്തിയ വര്‍ഷകാലം നിറച്ചിട്ട പഞ്ചായത്ത് കുളത്തില്‍ നീന്തല്‍ മല്‍സരം നടത്താന്‍ കമ്മറ്റി തീരുമാനിച്ചിരിക്കുന്നു. ഒന്ന്‌ മല്‍സരിക്കാന്‍ കുമാരേട്ടന്റെയും മനസ്സ് വെമ്പി. പക്ഷെ വിളിക്കാത്തിടത്ത്‌ ഉണ്ണാന്‍ പോകുന്നതെങ്ങനെ? അങ്ങനെ ആലോചിച്ച് നിന്നപ്പൊഴാണ്‌ ഈ ചോദ്യം.

നടാടെ നടക്കുന്ന മല്‍സരം ആയതിനാലൊ, കുമാരേട്ടന്‍ പങ്കെടുക്കുന്നതിനാലോ എന്നറിയില്ല, നീന്തല്‍ മല്‍സരം കാണാന്‍ പതിവില്‍ കൂടുതല്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. അതില്‍ നല്ലൊരു പങ്കു പെണ്ണുങ്ങളും....കുമാരേട്ടന്‍ നല്ല ത്രില്ലില്‍ തന്നെ മല്‍സരത്തിന്‌ അര മണിക്കൂര്‍ മുമ്പെ വെള്ളത്തില്‍ "വാം അപ്പ്" തുടങ്ങി. പ്രോല്‍സാഹനം കൊടുത്ത് കൊണ്ട് നാട്ടിലെ കുട്ടികള്‍ കുമാരേട്ടനു ജയ് വിളികളുമായി കരയിലൂടെ നടന്നു. കുട്ടികളുടെ ജയ് വിളികള്‍ക്കൊപ്പം കുമാരേട്ടന്റെ ഹരം കൂടി വന്നു. പ്രാക്റ്റീസ് സെഷന്‍ കണ്ടിട്ട് തന്നെ നീന്തല്‍ കപ്പ് കുമാരന്‍ തന്നെയെന്ന് പെണ്ണുങ്ങള്‍ അടക്കം പറയുന്നുണ്ടായിരുന്നു. സ്റ്റാര്‍ട്ട് പറയാന്‍ സമയമായിട്ടും കയറിവരാതെ കുമാരന്‍ വാം അപ്പു തുടര്‍ന്നു. പിന്നെ ആരൊക്കെയൊ കൂടി "മല്‍സരത്തീന്ന് നിന്നെഒഴിവാക്കും" എന്നു പറഞപ്പോഴാണ്‍ കുമാരന്‍ പതുക്കെ സ്റ്റാര്‍ട്ടിങ്ങ് പോയിന്റിലേക്ക് കയറി വന്നത്. എന്നിട്ടും വെള്ളത്തില്‍ ചാടാനുള്ള അക്ഷമ കാണിക്കുന്നുണ്ടായിരുന്നു.
ഒടുവില്‍, മല്‍സരാര്‍ഥികളെല്ലാം തയാറയി.
റഫറി അച്ചായന്‍ തന്റെ കൊമ്പന്‍ മീശയും പിരിച്ച് എല്ല്ലാവരേയും ഒന്നു നോക്കി.
ഓക്കെ റെഡി....... എല്ലാവരും നീന്തലിന്ന് തയ്യാറായി നിരന്നു നിന്നു.
ഗെറ്റ്..... സെറ്റ്......ഗോ....... പറഞ്ഞതും എല്ലാരും വെള്ളത്തിലേക്കു കുതിച്ചു ചാടി..... കുളത്തിലെ വെള്ളം തിരമാല പോലെ പൊങ്ങി അലച്ചു. നിമിഷനേരം കൊണ്ട് നീന്തല്ക്കാര്‍ മുന്നോട്ട് കുതിച്ചിരുന്നു. കുമാരേട്ടന്‍ എവിടെ......എല്ലാരും കുമാരേട്ടനെ എറ്റവും മുമ്പിലെ നിരയില്‍ നോക്കി. കാണുന്നില്ല.

വാം അപ്പിന്റെ തളര്‍ച്ചയില്‍ കുളത്തിലേക്ക് എടുത്തു ചാടിയകുമാരേട്ടന്‍ കുറെ പണിപ്പെട്ടാണ്‌ തിരികെ പൊങ്ങി വന്നത്!!. അപ്പോഴേക്കും മറ്റുള്ളവര്‍ തിരികെ എത്താറായിട്ടുണ്ടായിരുന്നു..... ഒരു മുങ്ങല്‍ കൂടി മുങ്ങിയ കുമാരേട്ടന്‍ പിന്നെ ഏതു വഴിയാണ് കുളത്തില്‍ നിന്നും പുറത്ത് കടന്നതെന്ന് മാത്രം ആര്‍ക്കും അറിയില്ല.......

Monday 16 June, 2008

പരമൂനും പറയാനുണ്ട്`!!!!

പ്രിയ ബ്ളോഗരേ,


പരമു വളരെ ലേറ്റായിട്ടാണു ഈ "ബ്ളോഗ് "എന്ന സംഭവം എന്താണെന്നു മനസ്സിലാക്കിയതു.


കൊള്ളാം പരിപാടി!


പത്തു വര്‍ഷം മുമ്പേ പ്രവാസിയായി മാറിയ പരമൂനും കുറേയുണ്ട് പറയാന്‍.
1998 സെപ്തംബറിലാണ്‍ പരമു മുട്ടന്‍ ദുബായ് സ്വപ്നങ്ങളുമായി ജന്മനാടായ കൊല്ലത്തുനിന്നും പുറപ്പെട്ടതു. എല്ലാ നവാഗതരേയും പോലെ സന്തോഷത്തോടെയാണു ദുബായ് നഗരത്തില്‍ കാല്‍ കുത്തിയത്. വിസിറ്റ് വിസ! ജോലി തരം പോലെ കണ്ടുപിടിക്കാം. ആദ്യം ഈ വിസ്മയ നഗരം കൊതിതീരെ കാണട്ടെ. ഇതായിരുന്നു പരമൂന്റെ പോളിസി. അങ്ങനെ ചിന്തിക്കാന്‍ പരമൂനു കാരണവും ഉണ്ട്. താമസം, ഭക്ഷണം, കറക്കം മുതലായ കാര്യങ്ങളെല്ലാം കൊണ്ടുവന്ന അമ്മാവന്റെ ചെലവില്‍. അദ്ദേഹത്തിന്റെ വില്ലയില്‍ എയര്‍കണ്ടീഷ്ണറിന്റെ സുഘലോലുപതയില്‍ ഒരു തടസ്സവുമില്ലാത്ത ഉറക്കം. അതും മതിവരുവോളം! അമ്മായി ഉണ്ടാക്കുന്ന വിഭവങ്ങള്‍ സുഭിക്ഷമായി കഴിച്ച് ദുബായ് നഗരം കണ്ട് കറങ്ങി നാളുകള്‍ തള്ളി നീക്കുന്നതിനിടെ ആദ്യത്തെ വാണിങ്ങ്! രണ്ടു മാസം കഴിഞ്ഞു. വിസ പുതുക്കണം. ഇനി ഒരുമാസം കൂടിയേ നില്ക്കാന്‍ പറ്റൂ. ചെറുതായി ഒന്നു ചിന്തിക്കുവാന്‍ തുടങ്ങി. ഇനി മുപ്പതു നാളുകള്‍ മാത്രം ബാക്കി. അല്ലെങ്കില്‍ ഇനിയും അമാവനെ ബുദ്ധിമുട്ടിച്ചു രണ്ടാമത്തെ വിസയെടുപ്പിക്കണം. അതു ചെയ്ഞ്ചു ചെയ്യാന്‍ ഇറാനില്‍ പോകണം. അതിനു വേറെ ചെലവ്. വേണ്ട. നല്ലവനായ അമ്മാവനെ ഇനിയും ബുദ്ധിമുട്ടിക്കുന്നതു ശരിയല്ല. എന്റെ ധര്‍മ്മബോധം ഉണര്‍ന്നു. എങനെയെങ്കിലും ജോലി കണ്ടുപിടിക്കണം. അതു ചെറുതെന്നോ വലുതെന്നൊ നോക്കെണ്ട. ഒരു പെര്‍മനെന്റ് വിസ മാത്രം ആദ്യത്തെ ലക്ഷ്യം. കയ്യിലുണ്ടായിരുന്ന സി വി ഒന്നുകൂടി മിനുക്കി, ഗള്‍ഫ് ന്യൂസിലും ഖലീജ് റ്റൈംസിലും വരുന്ന വെക്കേന്‍സികളില്‍ കാണുന്ന നമ്പറുകളില്‍ തലങ്ങും വിലങ്ങും ഫാക്സ് അയച്ചു തുടങ്ങി. ദോഷം പറയരുതല്ലൊ ആരും ഒരു അഭിമുഖത്തിനു പോലും വിളിച്ചില്ല. അതിനിടെ അമ്മാവന്റെ പരിചയക്കാര്‍, നാട്ടുകാര്‍, വഴിയില്‍ കാണുന്നവര്‍, എന്നുവേണ്ട യാത്ര ചെയ്യുന്ന ടാക്സികളുടെ ഡ്രൈവര്‍മാരോട് വരെ ജോലിക്കു വേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചു. കറക്കങ്ങളെല്ലാം നിര്‍ത്തി, ഉറക്കം തീരെയില്ലാതായി, ഭക്ഷണം തീരെ താല്പര്യമില്ലതെയായി. ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഇതിനിടെ അമ്മാവന്റെ ബിസിനസ്സില്‍ എന്നെ നിര്‍ത്താനായി ഒരു ആത്മാര്‍ത്ഥ ശ്രമം പരാജയപ്പെടുകയും ചെയ്തു. നാട്ടിലേക്കു തിരിച്ചു ചെന്നു മാതാപിതാക്കളെയും സഹോദരങ്ങളെയും കൂട്ടുകാരെയും നാട്ടുകാരെയുമൊക്കെ അഭിമുഖീകരിക്കുന്ന കാര്യമൊക്കെ ചിന്തിച്ചപ്പോള്‍ ശരീരത്തിനു ഒരു വിറയല്‍.

ഇനി ഏഴു ദിവസങ്ങള്‍ മാത്രം ബാക്കി.

"എന്നാപ്പിന്നെ റ്റിക്കെറ്റ് ഒ കെ ആക്കാന്‍ കൊടുക്കാം?" അമ്മാവന്റെ ചോദ്യത്തിനു മുന്‍പില്‍ ഒരു തരം തളര്‍ച്ചയോടെ ഞാനിരുന്നു. എന്റെ അനുവാദത്തിനു കാത്തു നില്ക്കാതെ അമ്മാവന്‍ തന്നെ അതു ശരിയാക്കുകയും ചെയ്തു!


സ്വയം ആശ്വസിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം എന്റെ കയ്യിലിരിപ്പിനെ ശപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു ഞാന്‍.


പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്കായി നല്ലൊരു കോളേജില്‍ ചേരാന്‍ പോലും എനിക്കു കഴിഞ്ഞില്ല. വിധിയെ പഴിച്ചിട്ട് കാര്യമില്ല. പ്രീഡിഗ്രിക്കു നല്ല മാര്‍ക്കുണ്ടെങ്കിലല്ലെ നല്ല കോളെജില്‍ കിട്ടൂ!! അങ്ങനെ ഞാനും പാരലെല്‍ കോളേജില്‍ അഭയം തേടി. എന്നാല്‍ അവിടെനിന്നെങ്കിലും ഡിഗ്രി ഒന്നെടുക്ക്. എവടെ! അന്നത്തെ റിബല്‍ ചിന്തകള്‍ മനസ്സില്‍ കറങ്ങിക്കൊണ്ടിരുന്നു. ഈ ഡിഗ്രിയിലൊന്നും ഒരു കാര്യവുമില്ല. ജീവിക്കണോങ്കില്‍ കാശ് വേണം അതിന്‍ ഗള്‍ഫില്‍ പോയാപ്പൊരെ? എന്തിന്‍ വെരുതെ പഠിച്ചു സമയം കളയണം? കിട്ടുന്ന നേരത്തു എഞ്ചോയ് ചെയ്യാം. പിന്നേ.... മാതപിതാക്കള്‍ വായിട്ടലക്കുന്നു.... അതവര്‍ക്കു ഗള്‍ഫീന്നു ദിര്‍ഹം വരുമ്പൊ മനസ്സിലാവും. അല്ലപിന്നെ...

അങ്ങനെ മര്യാദക്കു ഒരു ഡിഗ്രി പോലും കയ്യിലില്ലാതെ അറബിപ്പൊന്ന് വാരാന്‍ വന്നിതാ കിടക്കുന്നല്ലൊ പരമു ദുബായില്‍!


ചിന്തിച്ചതെല്ലാം തെറ്റായിരുന്നുവെന്നു തിരിച്ചറിഞ്ഞപ്പൊള്‍ അശരീരി പോലെ എന്തോ ഒന്നു മനസ്സില്‍ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു... "മോനെ മര്യാദെക്കിരുന്ന് പഠിക്കെടാ....പഠിക്കാതിരുന്നാല്‍ അതിന്റെ ദുഖം പിന്നെയേ മനസ്സിലാകൂ..."


അങ്ങനെ സ്വയം ശപിച്ചും ദുഖിച്ചും തിരികെ പോകാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെ ഒരു ദിവസം രാവിലെ അമ്മാവന്‍ അദ്ദേഹത്തിന്റെ മൊബൈലുമായി എന്റെയടുത്തേക്കു ഓടിവന്നു. "ടാ.. ഇന്നാ... അബൂദാബീന്ന്, ബാബൂന്റെ കൂട്ടൂകാരന്‍ സുനിയാ.." ഞാന്‍ ഫോണ്‍ വാങ്ങി. "ഈ നമ്പര്‍ എടുത്തൊ.. ഇതില്‍ വിളിച്ചിട്ട് എന്റെ റഫറന്‍സ് കൊടുക്കുക.. അവര്‍ക്ക് ഒരു അക്കൌണ്ടന്റിനെ ആവശ്യമുണ്ടെന്നറിഞ്ഞു... ശ്രമിച്ചുനോക്ക്....." അങ്ങേ തലക്കല്‍ നിന്നും ആശ്വാസ വചനത്തോടെ ഫോണ്‍ ടിസ്ക്കണക്റ്റായി. കൊടും ഉഷ്ണതില്‍ വലയുന്ന എന്റെ നെറ്റിയില്‍ ഒരു തുള്ളി വെള്ളം വീണതുപോലെ.....


ഒരു ഇന്റര്‍വ്യൂവില്‍ ആദ്യമായാണു ഞാന്‍ പങ്കെടുക്കുന്നത്... എങ്ങനെയാവുമോ എന്തൊ.... എന്തായലും ധൈര്യം സംഭരിച്ചു ഞാന്‍ ബര്‍ ദുബൈയിലുള്ള റിയല്‍ എസ്റ്റേറ്റു കമ്പനിയുടെ ഓഫീസിനുള്ളില്‍ കയറി. സുന്ദരിയായ റിസപ്ഷനിസ്റ്റിനോട് ആഗമനോദ്ദേശ്യം അറിയിച്ചു. ഉടന്‍ തന്നെ ഒരു കാബിന്‍ ചൂണ്ടിക്കാണിച്ചിട്ട് അങ്ങോട്ടേക്കു പൊയ്ക്കൊള്ളാന്‍ പുഞ്ചിരിയോടെ അവള്‍ മൊഴിഞ്ഞു. ഇരു നിറത്തില്‍ മെലിഞ്ഞ ഒരാള്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. സുമുഖന്‍, ഗൌരവം തോന്നിപ്പിക്കാനെന്നോണം ഒരു കണ്ണട ധരിച്ചിട്ടുണ്ട്. എന്നോട് ഇരിക്കാന്‍ പറഞ്ഞു. ദൈവമേ..... എന്റെ ആദ്ദ്യത്തെ ഇന്റെര്‍വ്യു ഇതു ശരിയായില്ലെങ്കില്‍ നേരെ നാട്ടിലേക്ക്..... ഇനി നാലെ നാലു ദിവസങ്ങള്‍ ബാക്കി.... പിന്നെയും റ്റെന്‍ഷന്‍. ഇതിനിടെ അദ്ദേഹം എന്തൊക്കെയൊ ചോദ്യങ്ങള്‍ അദ്ദേഹം ചോദിച്ചു എന്തൊക്കെയോ ഉത്തരങ്ങള്‍ ഞാനും പറഞു. ഒന്നുമാത്രം ഞാനറിഞ്ഞു. ഞാന്‍ നല്ലപോലെ വിയര്‍ക്കുന്നുണ്ടായിരുന്നു. അതു മനസ്സിലാക്കിയിട്ടാകണം പുള്ളിക്കാരന്‍ എന്നോട് ഒരു ചോദ്യം. "വുഡ് യു ലൈക്ക് റ്റു ഹാവ് സം വാട്ടര്‍?"

അദ്ദേഹത്തിന്റെ മട്ടു കണ്ടിട്ട് എനിക്കു മനസ്സിലായി, ഇതു നടക്കുന്ന കോളില്ലാ.....പക്ഷെ അര മണിക്കൂര്‍ കഴിഞ്ഞു പുള്ളി പറഞതു കേട്ട് ചെറിയ ഒരു പ്രതീക്ഷ.... "നൌ യൂ മെ ഗൊ ആന്റ് പ്ലീസ് വെയിറ്റ് ഫൊര്‍ മൈ കാള്‍"
പക്ഷെ എനിക്കു വെയിറ്റ് ചെയ്യാന്‍ സമയം ഇല്ലല്ലൊ. വിസ തീരുന്നകാര്യം പുള്ളിക്കാരനോട് തുറന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹവും കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു...."അതായത്, മോനെ, ഞങ്ങളുടെ ഗ്രൂപ്പ് പുതിയ ഒരു അലൂമിനിയം ​ഫാബ്രിക്കേഷന്‍ കമ്പനി തുടങ്ങുന്നുണ്ട്, അതിലേക്കു ഒരു അക്കൌണ്ടന്റിനെയാണു ആവശ്യം. നിന്റടുത്ത് സംസാരിച്ചിടത്തോളം നിനക്കു അത് ശരിയാവില്ല. പിന്നെ സുനിയുടെ ആളായതുകൊണ്ടു ഒരു സ്റ്റോര്‍ കീപ്പറുടെ ജോലി നിനക്ക് തന്നാല്‍ കൊള്ളാം എന്നുണ്ട്. അതും മുതലാളിയുടെ സമ്മതം കിട്ടിയതിനു ശേഷം മാത്രം. അദ്ദേഹം ഉച്ചക്കേ വരൂ" പറഞ്ഞു നാക്കെടുക്കും മുന്‍പു തന്നെ ഞാനിടപെട്ടു. "സാരമില്ല സാര്‍ ഞാന്‍ ഇവിടെ തന്നെ വെയിറ്റ് ചെയ്യാം....." പുള്ളിക്കാരന്‍ എന്നെ അര്‍ത്ഥവത്തായിട്ടൊന്നു നോക്കി. അതു കണ്ടില്ലെന്നു നടിച്ചു ഞാനവിടെയിരുന്നു. വൈകീട്ട് ഏഴരയോടെ മുതലാളിയെത്തി. സിന്ധിയാണ്‌. എട്ടുമണിയോടെ എന്നെ വിളിപ്പിച്ചു. അദ്ദേഹത്തിന്റെ കാബിനില്‍ എന്നെ നേരത്തെ ഇന്റര്‍വ്യു ചെയ്തയാളും ഇരിപ്പുണ്ട്‌. അകത്തേക്കു കയറിയപാടെ രണ്ട് പേരും എന്നെ അടിമുടി സൂക്ഷിച്ചു നോക്കി. എന്താണെന്നു എനിക്കൊരു പിടിയും കിട്ടിയില്ല. മുതലാളി ഓരോന്നു ചോദിച്ചു ഞാന്‍ മറുപടിയും പറഞ്ഞു. എന്നോടു പുറത്തു കാത്തുനില്ക്കാന്‍ പറഞു. കുറച്ചു കഴിഞ്ഞ്‌ മധു സാര്‍ (ഇന്റര്‍വ്യൂ ചെയ്ത ദേഹം) പുറത്തേക്കുവന്നു എന്നെകൂട്ടി അദ്ദേഹത്തിന്റെ കാബിനിലേക്കുപോയി. മുഖം അത്ര പ്രസന്നമല്ല എന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചു. അകത്ത് കയറിയപാടെ പുള്ളി ഒരു ചാട്ടം! എന്റെ നേരെ....
ഒരു ഇന്റര്‍വ്യുവിനു അറ്റന്റ് ചെയ്യെണ്ടത് എങ്ങനെയാണെന്നു പോലും തനിക്കറിയില്ലെ? ഒന്നും മനസ്സിലാവതെ നിന്ന എന്റെ രണ്ടു കൈത്തണ്ടകളിലേക്കും പുള്ളി മാറി മാറി നോക്കുന്നത്` കണ്ടപ്പോഴാണ്` എനിക്കു കാര്യം പിടികിട്ടിയത്`. മുതലാളിയെക്കാത്തിരുന്നസമയത്ത് വിരസതമൂലം എന്റെ ഫുള്‍ സ്ലീവ് മുകളിലേക്കു തെറുത്തുവച്ചിരുന്നു. ഇനി ഇതു കാരണം എന്നെ വേണ്ടെന്നെങ്ങാനും പറയുമോ എന്നായി എന്റെ ചിന്ത. ഞാന്‍ ആത്മാര്‍ത്ഥമയി അദ്ദേഹത്തിനോട് ക്ഷമ ചോദിച്ചു. എന്നിട്ട് എന്തായെന്നറിയാന്‍ ജിജ്ഞാസ പൂര്‍വ്വം നിന്നു.
ഒ.കെ, ഞാന്‍ പറഞ്ഞതു പോലെ തന്നെ ഒരു സ്റ്റോര്‍ കീപ്പറായി നിയമിച്ചിരിക്കുന്നു! ഞാന്‍ ദൈവത്തോട് ഒരായിരം നന്ദി മനസ്സില്‍ പറഞ്ഞു, കൂടാതെ സുനിയണ്ണനോടും. മധു സാറിനുള്ള നന്ദി നേരിട്ടുതന്നെ കൊടുത്തു.

"1200 ദിര്‍ഹം തുടക്കത്തില്‍ കിട്ടും. പിന്നെ തന്റെ കഴിവനുസരിച്ചു കൂട്ടാം. താമസം കമ്പനിവക. രണ്ടു വര്‍ഷം കഴിഞ്ഞു നാട്ടിലേക്കുള്ള ടിക്കറ്റ് കമ്പനി തരും. തല്കാലം ഒരു വിസിറ്റ് വിസ കമ്പനി തരും അതിന്റെ കാലാവധി കഴിയുന്നതിനു മുമ്പു തന്നെ എംപ്ളോയ്മെന്റ് വിസയാക്കാം. എന്താ സന്തോഷമായൊ" പിന്നെ...... പറയാനുണ്ടൊ സന്തോഷം!! അദ്ദേഹത്തിനു നന്ദി പറഞ് അവിടെനിന്നിറങ്ങി. സന്തോഷത്താല്‍ തുള്ളിച്ചാടണമെന്നു തോന്നിപ്പോയി എനിക്ക്‌.
അങ്ങനെ എനിക്കും ഒരു ജോലി കിട്ടി.

ബര്‍ദുബൈയില്‍ നിന്നും ദേരയിലെക്കു അബ്ര കടത്തു കടക്കുമ്പോള്‍ ദൂരെ ആകാശത്ത് പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുനില്ക്കുന്നുണ്ടായിരുന്നു. അതു കണ്ട് എന്റെയുള്ളിലും രണ്ട് വരിയുണര്‍ന്നു....

കര കാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ......

അറബിപ്പൊന്‍നാണ്യം പോലെ ആകാശത്തമ്പിളിവന്നേ.......

Sunday 15 June, 2008

ഇങ്ങനാണേല്‍ ഞാങ്കളിക്കുന്നില്ല......

പിന്നല്ലാതെ... മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്നതിനും വേണ്ടെ ഒരതിര്? എല്ലാരെയും പൊലെ തന്നല്ലെ ഞാനും ഒരു ബ്ളൊഗടിച്ചത്‌.. എന്നിട്ടെന്താ ഒരു "അഗ്രഗണ്യന്മാരും" അതിനിയൊന്നു പബ്ബ്‌ളിഷ് ചെയ്യാത്തെ..... ഇങ്ങനാണെ പരമു നിര്‍ത്തി.....